ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം . ലഹരി പദര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വച്ച് 1987 ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഇന്നിതുവരെ ധാരാളം ലഹരി വിരുദ്ധ ദിനങ്ങൾ കഴിഞ്ഞു പോയെങ്കിലും ലോകവ്യാപകമായി ഇതുയർത്തുന്ന ആപത്തുകൾ തരണം ചെയ്യാനോ പൂർണമായും ഇല്ലാതാക്കാനോ കഴിഞ്ഞിട്ടില്ല. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത്. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും വളരെ പെട്ടെന്ന് ലഭ്യമാകത്തക്ക രീതിയിലാണ് ഇന്ന് ലഹരിമരുന്ന് കച്ചവടം നടക്കുന്നത്. 

കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്തുകയും ചെയ്യും. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനായുമാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നാണ് മയക്കുമരുന്നിന് അടിമകളായവർ  പറയുന്നത്. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു ഒരുവിധം എല്ലാവര്ക്കും അറിഞ്ഞുകൊണ്ട് തന്നെ ഉപയോഗിക്കുന്നവരാണധികവും. കൂട്ടികളാകട്ടെ ഒരു കൗതുകത്തിനു വേണ്ടി ഉപയോഗിച്ച് തുടങ്ങുന്നു.പക്ഷെ പിന്നീട് അതില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വരുന്നു. മയക്കുമരുന്ന് മാത്രമല്ല മദ്യപാനവും ലഹരിവസ്തുക്കളിൽ പെടുന്നതാണ് . 

ഐക്യരാഷ്ട്ര സംഘടനയുടെ  കണക്കനുസരിച്ച് ലോകത്ത് 200 ദശലക്ഷമാളുകൾ വർഷത്തിലൊരിക്കലെങ്കിലും  ലഹരി പദാർത്ഥങ്ങൾ  ഉപയോഗിക്കുന്നവരാണ്. ഇതിൽ  25 ദശലക്ഷം പേരും ലഹരിക്കടിമപ്പെട്ടവരാണ്.  വർഷം തോറും രണ്ട് ലക്ഷം പേരെങ്കിലും ലഹരി പദാർത്ഥങ്ങളുടെ  ഉപയോഗം മൂലം മരണപ്പെടുന്നു. ഇതിൽ കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം കൂടി വരികയാണ് . 

ലഹരി വസ്തുക്കളില്‍ നിന്നും പൂര്‍ണ്ണമായും രക്ഷനേടാന്‍ ബോധവത്കരണം മാത്രം പോര, ലഹരി പദാര്‍ത്ഥം ഉപയോഗിക്കില്ല എന്ന് ഓരോ വ്യക്തിയും ഉറച്ച് തീരുമാനമെടുക്കുകയും പ്രവർത്തിക്കുകയും  മാതാപിതാക്കൾ കുട്ടികളെ പൂർണ്ണമായും ശ്രദ്ധിക്കുകയും  വേണം. നമുക്കോരോരുത്തർക്കും ഇതിനുള്ള കടമയുമുണ്ട് . 

whatsapp