റമദാന്‍ നോമ്പിൻ്റെ ആരോഗ്യശാസ്ത്രം

റമദാന്‍ മാസം ആരോഗ്യ സംരക്ഷണത്തിനു കൂടിയുള്ള മാസമാണ്. ജീവിതശൈലി രോഗങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള ഒരു അവസരമായി നോമ്പിനെ കണക്കാക്കാം. ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങളുണ്ടാകുന്നത് തെറ്റായ ഭക്ഷണശീലവും ജീവിതശൈലിയും കൊണ്ടാണ്. വൈദ്യശാസ്ത്രം ഇതിന് നിര്‍ദേശിക്കുന്ന പ്രതിവിധി ഭക്ഷണ നിയന്ത്രണമാണ്. നോമ്പ് ആ നിയന്ത്രണം സാധ്യമാക്കുന്നു. ശരീരത്തിലെ അന്നനാളം മുതല്‍ ദഹനേന്ദ്രിയം വരെ പല ഭാഗങ്ങള്‍ക്കും വിശ്രമം നല്‍കുന്ന സമയമാണ് നോമ്പ്‍കാലം. നോമ്പിലൂടെ ശരീരത്തിലെ കൊഴുപ്പും കൊളസ്‌ട്രോളും കുറയുന്നു. ഇതിലൂടെ ഹൃദയ ആരോഗ്യം വീണ്ടെടുക്കാം. 

 

നോമ്പിലെ ഭക്ഷണരീതി

ലളിതമായ ഭക്ഷണ വിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴ വേളയിലും സ്വീകരിക്കേണ്ടത്. ശരീരത്തിന്റെ സ്വാഭാവിക തൂക്കം നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണം ഭക്ഷണ രീതി. എന്നാല്‍ അമിത വണ്ണമുള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാവുന്ന സമയം കൂടിയാണ് റമദാന്‍. ശരീരത്തിന് ആവശ്യമായ ഭക്ഷണം മണിക്കൂറുകളോളം എത്താത്തതിനാല്‍, സാവധാനം ദഹിക്കുന്ന ഭക്ഷണത്തിന് പകരം വേഗം ദഹിക്കുന്ന നാരുകളടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മൂന്ന് മുതല്‍ നാലു മണിക്കൂര്‍ കൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കുമ്പോള്‍ സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ദഹിക്കാന്‍ എട്ട് മണിക്കൂര്‍ എടുക്കും. വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് ബാര്‍ലി, ഗോതമ്പ് എന്നീ ധാന്യങ്ങളും ബീന്‍സ് പോലുള്ള പയര്‍ വര്‍ഗങ്ങളും. ഇവയെ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നു വിളിക്കുന്നു. ഇറച്ചി, പഞ്ചസാര, മൈദ പോലുള്ളവ സാവധാനം ദഹിക്കുന്നവയാണ്.

 

റമദാനിലെ ഭക്ഷണ രീതി സന്തുലിതമായിരിക്കണം. വൈവിധ്യമാര്‍ന്ന എല്ലാതരം ഭക്ഷണവും ഉള്‍പ്പെട്ടതായിരിക്കണം ഭക്ഷണ ക്രമം. പഴവര്‍ഗങ്ങളും ഇറച്ചിയും മത്സ്യവും ധാന്യങ്ങളും പാലുല്‍പ്പന്നങ്ങളും തുടങ്ങി എല്ലായിനം ഭക്ഷണങ്ങളും അവയുടെ ക്രമമനുസരിച്ച് കഴിക്കുന്നതാണ് ഉത്തമം.വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, അത്താഴത്തിന് അമിതമായ ഭക്ഷണം കഴിക്കല്‍,ചായയുടെ അമിതോപയോഗം എന്നിവ റമദാനില്‍ ഒഴിവാക്കേണ്ടവയാണ് ഈത്തപ്പഴം. നാരുകള്‍, പൊട്ടാസ്യം, അന്നജം, മഗ്‌നീഷ്യം തുടങ്ങിയവയടങ്ങിയ ഈത്തപ്പഴം നോമ്പുകാലത്ത് അത്യുത്തമമാണ്.

whatsapp