ഫോണിനെ പിരിയാൻ കഴിയില്ലേ...

ഇന്നത്തെ കാലത്തു മൊബൈൽ ഫോൺ ഇല്ലാത്തവരായി ആരുമുണ്ടാകില്ല . പ്രായമായവർ മുതൽ  കൊച്ചുകുട്ടികൾ വരെ ഇക്കൂട്ടത്തിൽ പെടും .   ജീവവായു പോലെ തന്നെ പ്രധാനപ്പെട്ടതായി  മൊബൈൽ ഫോൺ . ആദ്യകാലത്തൊക്കെ ആരെയെങ്കിലും എന്തെങ്കിലും കാര്യത്തിനായി വിളിക്കാനോ ഒരു മെസ്സേജ് അയക്കാനോ മാത്രമായാണ് ഫോൺ ഉപയോഗിച്ച് കൊണ്ടിരുന്നത് . എന്നാൽ  ഇന്ന് ബിസിനസും  ബാങ്കിങ്ങും ഡെയിലി അപ്ഡേറ്റസും ഒക്കെയായി രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി വൈകി ഉറങ്ങുന്നത്  വരെയുള്ള കാര്യങ്ങൾ ഇന്ന് മൊബൈലിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത് . കൊച്ചു കുട്ടികൾക്ക് വരെ കളിയ്ക്കാൻ മൊബൈൽ ഫോൺ കൊടുക്കുന്നത് സ്റ്റാറ്റസിന്റെ കാലമായി കരുതുന്ന നാളുകളാണിത് . 

                                       ആരെയെങ്കിലും കണ്ടാലോ ആരെങ്കിലും വീട്ടിലേക്കു വന്നാലോ വിശേഷങ്ങൾ ചോദിക്കാനോ ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കാനോ ശ്രമിക്കാതെ ഫോണിലെ പുതിയ പുതിയ കളികളും ആപ്ലിക്കേഷനുകളും മാത്രം നോക്കികൊണ്ടിരിക്കുന്ന ഒരു തലമുറയെയാണ് ഇന്ന് കാണാൻ കഴിയുന്നത്. അതുകൊണ്ടു തന്നെ ബന്ധങ്ങളിലെ വിള്ളലുകളും വലുതായി വരുന്നതോടൊപ്പം മറ്റുള്ളവരുമായി അടുത്തിടപഴകാനും മനസ്സിലാക്കാനും സാധിക്കാതെ വരുന്നു .മറ്റു ചിലർക്കാകട്ടെ സ്വന്തം ഫോൺ കുറച്ചു നേരത്തേക്കെങ്കിലും ഇല്ലാതെ വരുന്നതിനെക്കുറിച്ചു ആലോചിക്കാൻ പോലും കഴിയില്ല . ഇങ്ങനെയുള്ള അവസ്ഥയെയാണ് നോമോഫോബിയ എന്ന പേരിൽ അറിയപ്പെടുന്നത്. 

നോ മൊബൈൽ ഫോൺ എന്നതിന്റെ ചുരക്കപ്പേരാണ് നോമോഫോബിയ . പുതിയ തലമുറയിലെ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു മാനസിക പ്രശ്നമാണിത് . സ്വന്തം ഫോണിനെ അല്പനേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരികയോ അതേപ്പറ്റി ആലോചിക്കുമ്പോൾ തന്നെ ഉത്കണ്ഠ തോന്നുകയോ ചെയ്യുന്ന സ്ഥിതിവിശേഷത്തിന്റെ പേരാണ് നോമോഫോബിയ . 

 

ബ്രിട്ടണ്‍ ആസ്ഥാനമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്ത 1000 പേരില്‍ 66 ശതമാനം പേര്‍ക്കും നോമോഫോബിയ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷം മുൻപുള്ള കണക്കുകളെ അപേക്ഷിച്ചു ഇരുപതുശതമാനം വർധനയാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനഫലം അനുസരിച്ച് നാല്‍പ്പത് ശതമാനത്തോളം വിദ്യാര്‍ഥികൾക്ക്  നോമോഫോബിയ ഉണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .

 

നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ചിന്തകളെയും സ്വാധീനിക്കാനുള്ള ഒരു നെഗറ്റീവ് എനർജി സ്മാർട്ഫോണുകൾക്കുണ്ട്. ഏതൊരു പ്രശ്നമുണ്ടായാലും മാതാപിതാക്കളോട് കൂട്ടുകാരോടോ ചോദിക്കുന്നതിന് മുൻപ് ഫോണിനെയും ഇന്റർനെറ്റിന്റെയും ആശ്രയിക്കുന്നവർ കൂടി വരികയാണ് . ഇത്തരക്കാർക്ക് സ്വന്തമായി ഒരു പ്രശ്നം നേരിട്ടാൽ അത് പരിഹരിക്കാനോ അത് നേരിടാനോ ഉള്ള കഴിവ് കുറയുന്നു.  മറ്റൊരു തരത്തിൽ പറഞ്ഞാൽ മത പിതാക്കൾ തന്നെയാണ് ഈ അവസ്ഥക്ക് കാരണക്കാർ. കുഞ്ഞു പ്രായത്തിലെ കരയാതിരിക്കാനോ ജോലി ചെയ്യുന്ന സമയത്തു ശല്യപെടുത്താതിരിക്കാനോ കുഞ്ഞിന് കൊടുക്കുന്ന കളിപ്പാട്ടമായി മാറി ഫോൺ. കുറച്ചു സമയം കുട്ടികളോടൊപ്പം ചിലവഴിക്കാനും അവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അവരോടൊപ്പം കളിയ്ക്കാൻ കൂടിയാലും ഒരു പരിധി വരെ ഈ ശീലം മാറ്റിയെടുക്കാവുന്നതേയുള്ളു. അങ്ങനെ ഒരു എനെർജിറ്റിക്കായ തലമുറയെ വാർത്തെടുക്കാൻ മാതാപിതാക്കൾക്കാവട്ടെ. 

 

 

 

whatsapp