പ്രഭാതം ആരോഗ്യത്തോടെ...

അതിരാവിലെ ചെറിയ തണുപ്പോടു കൂടി മൂടിപ്പുതച്ചു കിടന്നുറങ്ങാൻ നല്ല സുഖമുള്ള കാര്യമാണ്.  കൃത്യ സമയത്ത് ഉണരുക എന്നത് ബുദ്ധിമുട്ടുളള കാര്യവും . രാവിലെ അലാറം ശബ്ദിക്കുമ്പോള്‍ എഴുന്നേക്കുന്നത് മടിയോടെയായിരിക്കും. എന്നാല്‍ അതിരാവിലെ ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദിവസത്തിന്റെ ദൈര്‍ഘ്യം കൂടിയിരിക്കുകയും ശരീരത്തിന്റെ ഉത്പാദനക്ഷമതവർദ്ധിക്കുകയും ചെയ്യും എന്നുള്ളതാണ് പുലർച്ചെതന്നെ എഴുന്നേൽക്കുന്നതിന്റെ ഗുണം . 

 

ദിവസവും മടി കൂടാതെ ഉണരാനുള്ള ചില വഴികൾ 

 

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഷെഡ്യൂള്‍ ഉണ്ടാക്കുക. ദിനചര്യകള്‍ കൃത്യമായി പാലിക്കുക. വൈകുന്നേരങ്ങളില്‍ കൃത്യമായ ദിനചര്യ പിന്തുടരുന്നതിലൂടെ കൂടുതല്‍ വിശ്രമിക്കാന്‍ സാധിക്കുകയും ഉറങ്ങാനുള്ള സമയമായി എന്ന് മനസിന് മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. . എട്ടോ ഒന്‍പതോ മണിക്കൂര്‍ ദിവസവും രാത്രി ഉറങ്ങുക. ഇത് നേരത്തെ ഉണരാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ കിടക്കയില്‍ സൂക്ഷിക്കാതിരിക്കുക

 

അലാറം ക്ലോക്ക് അകലത്തില്‍ വയ്ക്കുക:  ഇത് അലാറം അടിക്കുമ്പോള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് പോയി ഓഫാക്കാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കും. അലറാം ഓഫാക്കാന്‍ സമയം എടുക്കുന്നതിലൂടെ ശരീരം ആക്ടീവായി മാറും. ആനന്ദകരമായ അലാറം ട്യൂണ്‍ സെറ്റ് ചെയ്യുക. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അലാറം ട്യൂണായി സെറ്റ് ചെയ്വുക. ബീപ്, റിംഗ് ശബ്ദങ്ങള്‍ ഒഴിവാക്കുക. സംഗീതം നിങ്ങളെ ഉണര്‍ത്താന്‍ സഹായിക്കും.

 

വെളിച്ചം കടത്തിവിടുക: പുലര്‍ കാലത്തെ വെളിച്ചം ശരീരത്തിന് ഉണരാനുള്ള സിഗ്‌നല്‍ നല്‍കും. നമ്മുടെ ശരീരം വെളിച്ചത്തിനോടും ചൂടിനോടും പെട്ടെന്ന് പ്രതികരിക്കുന്നു. അതിനാല്‍ ആവശ്യത്തിന് വെളിച്ചം കിട്ടത്തക്ക രീതിയില്‍ കിടപ്പ് മുറി ഒരുക്കുക. കര്‍ട്ടനുകള്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വെളിച്ചം കടന്ന് വരുന്നതിന് സഹായകമാണ്

 

വെള്ളം കുടിക്കുക: രാത്രിയിലെ വിശ്രമത്തില്‍ വെള്ളം കുടിക്കാതെ മണിക്കുറുകളാണ് കടന്ന് പോകുന്നത്. ഇത് ശരീരത്തിലെ ഊര്‍ജം കുറയുന്നതിന് കാരണമാകും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ഒരോ ദിവസവും ആരംഭിക്കുക.

 

പ്രഭാത ഭക്ഷണം കഴിക്കുക: പ്രോട്ടീന്‍ സമ്പന്നമായ പ്രഭാതഭക്ഷണം കഴിക്കുക. ആരോഗ്യകരമായ പ്രഭാതഭക്ഷണം എനര്‍ജി നല്‍കുന്നതിനോടൊപ്പം തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യും.

 

വ്യായാമം ചെയ്യുക: രാവിലെ നിങ്ങളുടെ ഇച്ഛാശക്തി ഉയര്‍ന്നതായിരിക്കും. എന്നാല്‍ ഭക്ഷണത്തിന് ശേഷം നിങ്ങള്‍ അലസരായി മാറും. അതിനാല്‍ ഉണരുമ്പോള്‍ തന്നെ വ്യായാമം ചെയ്യുക. രാവിലെ ചെയ്യുന്ന വ്യായാമം നിങ്ങളെ ഉന്മേഷമുള്ളവരാക്കി തീര്‍ക്കും

 

നിങ്ങള്‍ക്കായി ഒരു ദിവസം കാത്തിരിക്കുന്നു എന്ന ചിന്ത നിങ്ങളെ നേരത്തെ ഉണരാന്‍ സഹായിക്കും. നേരത്തെ ഉണരുന്ന വ്യക്തി പ്രഭാതത്തെ വളരെ പ്രതീക്ഷയോടെയായിരിക്കും നോക്കിക്കാണുക. എന്നാല്‍ വൈകി ഉണരുന്നവര്‍ക്ക് ഇതിന് സാധിക്കാറില്ല. രാവിലെ ആസ്വദിച്ച് ഒരു കപ്പ് ചായ കുടിക്കാനോ, പത്രം വായിക്കാനോ ഈ കൂട്ടര്‍ക്ക് കഴിയാറില്ല

whatsapp