നിപ്പാ വൈറസ് .. അറിയേണ്ടതെല്ലാം

ലോകത്തെമ്പാടും ആശങ്കയുടെ വിത്തുകൾ പാകിക്കൊണ്ട് ജന്തുക്കളിലും മനുഷ്യരിലും ഒരുപോലെ പടർന്നുകൊണ്ടിരിക്കുന്ന  അപകടകാരിയായ വൈറസാണ് നിപ്പാ വൈറസ് . ശാസ്ത്രീയമായി പറയുകയാണെങ്കിൽ പാരാമിക്സോവൈറിഡേ കുടുംബത്തിലെ ഹെനിപ്പാവൈറസ് വിഭാഗത്തിൽ  പെടുന്നവയാണ് ഇവ . ടെറോപസ് വിഭാഗത്തിൽപെട്ട പഴഭോജികളായ വവ്വാലുകളാണ് ഈ വൈറസിൻറെ വാഹകർ . 1998 ൽ മലേഷ്യയിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിക്കുന്നത് . രോഗവാഹകരായ വവ്വാലുകളാൽ മലിനമാക്കപ്പെട്ട പഴവർഗ്ഗങ്ങളിൽനിന്നാണ് മനുഷ്യരിലേക്ക് ആദ്യമായി ഈ വൈറസ് കടന്നുകൂടുന്നത് . മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും ഇന്ന് ഈ രോഗം കടന്നുകൂടുന്നത് അത്യന്തം ഭീതികരമാണ് . ഇത്തരം രോഗപകർച്ചയിലൂടെ ബംഗ്ലാദേശിലും സമീപ പ്രദേശങ്ങളിലുമായി ഏകദേശം 150 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

 

നിപ്പാ വൈറസിൻറെ പ്രധാന രോഗലക്ഷണങ്ങൾ പ്രകടമാവുക വൈറസ് ശരീരത്തിൽ പ്രവേശിച്ച് അഞ്ചുമുതൽ പതിനാല് ദിവസങ്ങൾക്ക് ശേഷമാണ്. പനി , തലവേദന , തലകറക്കം , ബോധക്ഷയം തുടങ്ങിയവയാണ് ഈ രോഗത്തിൻറെ പ്രാരംഭ ലക്ഷണങ്ങൾ . എന്നാൽ അപൂർവ്വം ചിലരിൽ  ചുമ , വയറുവേദന , മനംപുരട്ടൽ , ഛർദ്ധി തുടങ്ങിയവയും കാണാൻ സാധിക്കും . രോഗം പൂർണ്ണമായും ബാധിച്ചുകഴിഞ്ഞാൽ മസ്‌തിഷ്‌ക്ക വീക്കം , കഠിനമായ ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ അസുഖങ്ങളാൽ രോഗി കോമ അവസ്ഥയിലേക്ക് മാറുന്നതാണ്  . 

 

ഈ രോഗത്തിന്റെ  പ്രതിരോധമാർഗ്ഗങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്നും ശാസ്ത്രം പൂർണ്ണമായും ഇതിനെ എതിരിടാൻ സജ്ജമല്ല എന്ന് വേണം പറയാൻ . അതുകൊണ്ട് തന്നെ രോഗം വരാതെ നോക്കലാണ് ഏറ്റവും നല്ല പ്രതിരോധമാർഗ്ഗം .  പ്രധാന രോഗവാഹകർ വവ്വാലുകൾ ആയതിനാൽ അവയുടെ കാഷ്ടം മനുഷ്യശരീരത്തിൽ കയറാതെ ശ്രദ്ധിക്കണം . ധാരാളം വവ്വാലുകൾ ഉള്ള ഇടങ്ങളിലെ പഴങ്ങൾ , ചെത്തിയ കള്ള് തുടങ്ങിയവ ഉപയോഗിക്കരുത് .വവ്വാലുകൾ കടിച്ച ചാമ്പക്ക, പേരക്ക, മാങ്ങാ തുടങ്ങിയവ കഴിക്കരുത്. ഈ വൈറസ് വായുവിലൂടെ പടരില്ല. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുള്ളതുകൊണ്ട് രോഗിയുമായി സമ്പർഗ്ഗം ഉണ്ടായ ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും , രോഗിയിൽനിന്ന് നിശ്ചിത അകലം പാലിക്കുകയും വേണം . രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുകയും , വസ്ത്രങ്ങൾ പ്രത്യേകം കഴുകി ഉണ്ടാക്കുകയും ചെയ്യണം . ആശുപത്രികൾ ഈ രോഗം ബാധിച്ചവരെ പ്രത്യേകം മുറികളിൽ പരിപാലിക്കുകയും ജീവനക്കാർ കൈയുറകളും , മാസ്കും ധരിക്കുകയും വേണം . മൃതദേഹത്തിലൂടെയും രോഗം പകരാനുള്ള സാധ്യത കൂടുതലാണ് ആയതിനാൽ മൃതദേഹവുമായുള്ള സമ്പർക്കം  പരമാവധി ഒഴിവാക്കണം . 

 

സംസ്ഥാന ആരോഗ്യവകുപ്പ് മുൻകരുതലുകൾ സ്വീകരിച്ചുവരുന്നുണ്ട് . അതുകൊണ്ടുതന്നെ പരിഭ്രാന്തരാകാതെ രോഗ പ്രതിരോധമാർഗ്ഗങ്ങളിൽ ഏർപ്പെട്ടാൽ ഇതിനെ അതിജീവിക്കാവുന്നതാണ് 

whatsapp