തൈരിൽ അടങ്ങിയിരിക്കുന്ന ആരോഗ്യം....

പാലും അതിന്റെ ഉപോല്‍പന്നങ്ങളും ആരോഗ്യത്തിന് വളരെ ഗുണകരമാണ് . അതില്‍ പ്രധാനിയാണ് തൈര്. തൈരിന്റെ ഗുണഗണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ് (കൊഴുപ്പ്), ധാതുലവണങ്ങള്‍ എന്നിവയാലും സമ്പുഷ്ടമായ  തൈര് ദിവസേന കഴിക്കുന്നത് ദഹനപ്രക്രിയയെ  സഹായിക്കുകയും വയറുവേദന മുതലായ ആമാശയ സംബന്ധിയായ രോഗങ്ങളെ ഒരു പരിധി വരെ തടുത്ത് നിര്‍ത്തുവാനും സഹായിക്കും.  ആഹാരത്തില്‍ രുചിയ്ക്കായി ചേര്‍ക്കുന്നതിലുപരി നിങ്ങളുടെ ചര്‍മ്മത്തിന്‍റെ തേജസ്സ് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ വളരെയധികം ആരോഗ്യഗുണങ്ങളും തൈര് കഴിക്കുന്നതിലൂടെ ലഭിക്കുന്നു.   

 

തൈരിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. നിത്യജീവിതത്തില്‍ തൈര് ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യകരമായ ഒരു ജീവിതം കൂടി നേടാന്‍ സാധിക്കും. തൈര് ഉപയോഗിക്കുന്നവര്‍ അതിന്റെ ഗുണങ്ങളെക്കുറിച്ച് കൂടി ബോധവാന്‍മാരാകുന്നത് അത്യാവശ്യമാണ്. തൈര് കഴിക്കുന്ന ഗുണങ്ങള്‍ പാല്‍ കഴിക്കുമ്പോഴും ലഭിക്കുന്നതാണ്. എന്നാല്‍ പാല്‍ പല ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും. പക്ഷെ തൈരിന് ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ നിത്യവുമുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തൈര്.

 

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട് തൈരില്‍. പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക്, അയഡിന്‍, റിബോഫ്‌ലാവിന്‍, വിറ്റാമിന്‍ ബി12 തുടങ്ങി നിരവധി പോഷകങ്ങള്‍ തൈരിലുണ്ട്. തൈരിന്റെ ചില ഗുണങ്ങളെ പറ്റി മനസിലാക്കാം . 

 

എല്ലുകളെ ശക്തിപ്പെടുത്തുന്നു

എല്ലുകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ തൈരിന് കഴിയും. തൈരില്‍ നിന്നും ധാരാളം കാല്‍സ്യവും വൈറ്റമിന്‍ ഡിയും   പൊട്ടാസ്യവും ലഭിക്കും. കാല്‍സ്യം എല്ലുകള്‍ ശക്തിപ്പെടുത്തുന്നു. പൊട്ടാസ്യം രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. 

 

 കുടൽ ശുദ്ധമാക്കുന്നു

മനുഷ്യശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ദഹനത്തെ വേഗത്തിലാക്കാനും ഇത് സഹായിക്കും. തൈരിലെ ബാക്ടീരിയകള്‍ ശ്വേത രക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു. ചര്‍മ്മം വൃത്തിയുള്ളതും മൃദുലവുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു

 

പല്ലുകളെ ബലമുള്ളതാക്കാം

നല്ല പുഞ്ചിരിയ്ക്ക് ആരോഗ്യമുള്ള, ബലമുള്ള പല്ലുകള്‍ അത്യാവശ്യമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന കാര്യത്തില്‍ പല്ലുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇതിനായി തൈര് കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും കാത്സ്യവും പല്ലുകളെ ബലിഷ്ടമാക്കുന്നതില്‍ സഹായിക്കും.

 

ചര്‍മ്മത്തിന്‍റെയും മുടിയുടെയും ഭംഗി വര്‍ദ്ധിപ്പിക്കാം

തൈരില്‍ ഉള്ള ഫോസ്ഫറസ്, വിറ്റാമിന്‍ E, സിങ്ക് എന്നിവ നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും വളരെ ഗുണപ്രദമാണ്. ദിവസേന തൈര് കഴിക്കുന്നതിലൂടെ തിളക്കമാര്‍ന്ന ചര്‍മ്മവും ആരോഗ്യമുള്ള മുടിയും ലഭിക്കും. തൈരില്‍ അടങ്ങിയിരുന്ന ലാക്‌ടോസ് ആസിഡ് നിര്‍ജീവ കോശങ്ങളെ ഇല്ലാതാക്കും. അതുകൊണ്ടു തന്നെ തൈര് ഫേസ്പാക്കായി ഉപയോഗിച്ചാല്‍ ചര്‍മ്മം നനുത്തതാക്കാന്‍ നല്ലതാണ്.

തൈര് കഴിക്കുന്നതിലൂടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുവാന്‍ തൈര് നമ്മെ സഹായിക്കുന്നു.

 

 ഹൃദയത്തിന്‍റെ ആരോഗ്യത്തിന്

തെറ്റായ ജീവിതശൈലിയും ആഹാരരീതികളും കാരണം ഇന്ന് രോഗങ്ങള്‍ പൊതുവേ കൂടുതലാണ്, പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍. തൈര് കഴിക്കുന്നതിലൂടെ ഹൃദയസംബന്ധിയായ അസുഖങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കുവാന്‍ സാധിക്കും. ആര്‍ട്ടറിയില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുനതിനെ തടയുവാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും തൈര് സഹായിക്കുന്നു.

 

വണ്ണം കുറയ്ക്കുവാന്‍ സഹായിക്കും

തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കോര്‍ട്ടിസോള്‍ (cortisol) ഉത്പാദിപ്പിക്കുവാന്‍ സഹായിക്കും, ഇത് വണ്ണം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാത്സ്യം കൂടുതലായുള്ള തൈര് 18 ഔണ്‍സ് വീതം ദിവസേനെ കഴിക്കുന്നത് നല്ലതാണ്.

 

യീസ്റ്റ്‌ അണുബാധ കുറയ്ക്കും

സ്ത്രീകളുടെ ലൈംഗികാവയവങ്ങളില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. 

 

 മലബന്ധം, വയറിളക്കം എന്നീ പ്രശ്നങ്ങൾക്ക്‌ ഗുണകരം

തൈരില്‍ അടങ്ങിയ ഘടകങ്ങള്‍ വയറിലുണ്ടാകുന്ന ലാക്ടോസ് വിരുദ്ധത മൂലം മലബന്ധം, വയറിളക്കം, കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ ഗുണകരമാകുന്നു.

 

തൈര് കഴിക്കേണ്ടതെങ്ങനെ ...

1. രാത്രിയിൽ തൈര് ദഹിക്കാൻ ബുദ്ധിമുട്ടാണ് . 

2. തണുപ്പുള്ള കാലാവസ്ഥയിൽ തൈര് ഒഴിവാക്കുന്നത് നന്നായിരിക്കും. .

3. തൈര് ചൂടാക്കരുത്.

4. നെയ്യ്, നെല്ലിക്ക, വേവിച്ച ചെറുപയര്‍ എന്നിവയ്‌ക്കൊപ്പം തൈരു കഴിയ്ക്കുന്നത് ഗുണമിരട്ടിപ്പിയ്ക്കും.

5. പാല്‍ ഉറയൊഴിച്ച് പൂര്‍ണമായും തൈരായി മാറിയ ശേഷം മാത്രം ഉപയോഗിയ്ക്കുക. ഉറ കൂടാത്തത് ഉപയോഗിയ്ക്കുന്നത് വയറിന് നല്ലതല്ല.

6. ആയുര്‍വേദ പ്രകാരം മുട്ട, മീന്‍, ഇറച്ചി, മദ്യം എന്നിവയ്‌ക്കൊപ്പം തൈര് കഴിയ്ക്കരുത്.

whatsapp