ഇന്ത്യ ആരോഗ്യരംഗത്ത് ഉദ്ദേശിച്ച പുരോഗതി നേടിയിട്ടുണ്ടോ ?

ആരോഗ്യ രംഗത്ത് വളരെ വേഗം പുരോഗതി കൈവരിച്ച രാജ്യമാണ് ഇന്ത്യ . എന്നാൽ എല്ലാവര്ക്കും കൃത്യമായ ആരോഗ്യ പരിരക്ഷ കിട്ടുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.  ഇന്ത്യയിലെ ആരോഗ്യമേഖലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യപരിപാലന സംവിധാനങ്ങൾ നിഷ്ക്രിയവും , ചികിത്സാ ചെലവ് കുത്തനെ കൂടുകയും ചെയ്യുന്നു.  ഇന്ത്യയിലെ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന മൂന്നു വിദഗ്ദർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഏകദേശം 55 മില്യൺ ഇന്ത്യക്കാരാണ് ഒരൊറ്റ വർഷത്തെ ചികിത്സ ചെലവ് കാരണം ദാരിദ്ര്യത്തിലേക്ക് വീണു എന്നതാണ് . ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ അവരുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു . 55 മില്യൺ ആളുകളിൽ 38 മില്യൺ പേരും ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്താൻ കാരണമായത് ഉയർന്ന ചികിൽസ ചിലവാണ്. കാൻസർ ബാധിതരുടെ എണ്ണം ഇന്ത്യയിൽ ക്രമാതീതമായി വര്ധിക്കുന്നുണ്ടെന്നാണ്  റിപ്പോർട്ടിൽ പറയുന്നത് . അതുകൊണ്ടുതന്നെ കാൻസർ ചികിത്സക്കാണ് ഏറ്റവും കൂടുതൽ ചിലവാക്കപ്പെടുന്നത്. കാൻസർ കഴിഞ്ഞാൽ മുൻപന്തിയിൽ  നിൽക്കുന്നത് ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും ഹൃദ്രോഗവുമാണ് .

കാൻസർ പോലുള്ള മഹാരോഗങ്ങൾ ചികിത്സിക്കാൻ ഒരു ശരാശരി കുടുംബത്തിന്റെ ആകെ ചെലവിന്റെ പത്ത് ശതമാനത്തിലധികം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാഹനാപകടങ്ങളിൽ പരിക്കേറ്റു വരുന്നവരുടെ ചികിത്സ ചിലവും വളരെ കൂടുതലായി വരുന്നുണ്ട് . മരുന്നുകൾക്ക് വിലനിയന്ത്രണം ഏർപെടുത്തിയെങ്കിലും അത് ശെരിയായ രീതിയിൽ ആർക്കും ഉപകാരപ്പെടുന്നില്ല. പ്രധാനപ്പെട്ട പല മരുന്നുകളും ഈ വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നതും അധികച്ചിലവിനു ഇടയാക്കുന്നു. ഈ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ എണ്ണവും വളരെ കൂടുതലാണ്. 

 

ഇന്ത്യയിൽ  സർക്കാർ ആവിഷ്കരിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും ശരിയായ രീതിയിൽ ഫലം കണ്ടോയെന്ന കാര്യത്തിൽ സംശയമാണ്.  രോഗബാധിതരായവരിലെ മൂന്നിലൊരു വിഭാഗം ജനങ്ങൾ മാത്രമേ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ജനങ്ങളെ ഇൻഷുറൻസിനെ പറ്റി വേണ്ടവിധം ബോധവത്കരിക്കാനായിട്ടില്ലെന്നതും ഇതിനൊരു കാരണമാണ് . പലർക്കും ഇതിനെ പറ്റി തെറ്റായ ധാരണകളാണുള്ളത്.  മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തതും സൗജന്യ മരുന്നുകളുടെ അഭാവവും സാധാരണക്കാരെ സർക്കാർ ആശുപത്രികളിൽ നിന്നും അകറ്റുന്നു. തുച്ഛമായ വിലയിൽ ജനങ്ങൾക്ക് മരുന്നുകൾ എത്തിക്കാൻ തുടങ്ങിയ സംരംഭമായ ജൻ ഔഷധി സ്റ്റോറുകൾ വേണ്ടരീതിയിൽ ഉപകാരപ്പെട്ടില്ല.   ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ആകെയുള്ളത് 3000 ജൻഔഷധി സ്റ്റോറുകൾ മാത്രമാണ്. ഇത് തികച്ചും അപര്യാപത്മാണ്. കൂടാതെ 600ലധികം മരുന്നുകൾ ജൻഔഷധി സ്റ്റോറുകളിൽ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നാമമാത്രമായ മരുന്നുകൾ മാത്രമാണ് ജൻഔഷധിയിൽ വിതരണം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 ആരോഗ്യ രംഗത്ത്‌ കുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യയെ  പോലുള്ള ഒരു വികസ്വര രാജ്യത്തു എല്ലാവര്ക്കും കൃത്യമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയും ജനങ്ങളെ ആരോഗ്യ ഇൻഷുറൻസ് പോലുള്ള കാര്യങ്ങളെ ബോധവത്കരിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. 

whatsapp