Pulse Oximeter: Essential Things to Know
July 19,2021
മഴക്കാലം തുടങ്ങി . മിക്കവർക്കും മഴക്കാലമെന്നത് പനിക്കാലം കൂടിയാണ്. കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങി . ചിലപ്പോൾ തിരിച്ചു വരുന്നത് പനിയുമായിട്ടായിരിക്കും. പലതരത്തിലുള്ള പനികൾ കണ്ടുവരുന്നു. ഇതിൽ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന രോഗമാണ് ഡെങ്കിപ്പനി. ഒരു തവണ രോഗം രോഗം വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്.
ഡെങ്കിപ്പനി
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പകല്‍ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ഡെങ്കിപ്പനി പകരുന്ന വിധം
ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്‍റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്‍റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
ഈ വൈറസ് ഉള്ള ഒരു കൊതുക് ഒരു വ്യക്തിയെ കടിച്ചു കഴിഞ്ഞാല്‍ 4 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
കൊതുകിനെ അകറ്റാം
കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൂട്ടിരുപ്പുകാര്‍, ബന്ധുക്കള്‍ തുടങ്ങിയ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം.
കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവയെല്ലാം കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചപ്പു ചവറുകൾ ശരിയായ രീതിയിൽ നശിപ്പിക്കുകയും ചെയ്യുക. വീടിനു സമീപം വെള്ളം കെട്ടിനിൽകാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ഒരു പരിധിവരെ കൊതുകിനെ അകറ്റാം .