Pulse Oximeter: Essential Things to Know
July 19,2021
ഉത്കണ്ഠാ രോഗങ്ങള്‍ കൗമാരപ്രായക്കാരിലാണ് അധികമായി കണ്ടുവരുന്നത്. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ജീവിതത്തിന്‍െറ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം.
സോഷ്യല്‍ ഫോബിയ
പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്ന 10 ശതമാനം പേര്‍ കൗമാരക്കാര്‍ക്കിടയിലുണ്ട്. കഠിനമായ ഉത്കണ്ഠ കാരണമാണിത്. എതിര്‍ ലിംഗത്തിലുള്ളവരുമായി സംസാരിക്കാനും പൊതുചടങ്ങുകളില്‍ പ്രസംഗിക്കാനും ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടാണ്. ഇവരാണ് സോഷ്യല്‍ ഫോബിയക്കാര്‍. മറ്റുള്ളവര്‍ തന്നെ മാത്രം വീക്ഷിക്കുന്നുവെന്ന തോന്നലാണിതിന് കാരണം. അമിതമായ നെഞ്ചിടിപ്പ്, വിറയല്‍, നാക്കും ചുണ്ടുകളും വരണ്ടുണങ്ങുക, അമിത വിയര്‍പ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം. ഇത്തരം കുട്ടികളില്‍ അപകര്‍ഷബോധം കൂടുതലായിരിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഏറക്കുറെ തുല്യമായ തോതില്‍ ഇതു കണ്ടുവരുന്നുണ്ട്.
സ്പെസിഫിക് ഫോബിയ
പ്രത്യേക സംഗതിയുമായി ബന്ധപ്പെട്ട് കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്പെസിഫക് ഫോബിയ. ഉദാഹരണത്തിന്, ചില കുട്ടികള്‍ക്ക് പരീക്ഷ അടുക്കുമ്പോള്‍ കഠിനമായ ഉത്കണ്ഠ ഉണ്ടാകാറുണ്ട്. പഠിച്ചിരുന്ന കാര്യങ്ങള്‍ മറക്കുന്നതിനാല്‍ മാര്‍ക്ക് കുറയുക, പരീക്ഷ എഴുതാതിരിക്കുക, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് ഇഴജന്തുക്കളെ കാണുക, മൃഗങ്ങളുമായി ഇടപെടുക, ഇരുട്ട്, അടച്ചിട്ട മുറി, ഉയരത്തില്‍ നില്‍ക്കുക, ഇടിയും മിന്നലും തുടങ്ങിയ ഏതെങ്കിലും സാഹചര്യത്തിലായിരിക്കും ഉത്കണ്ഠ തീവ്രമാകുന്നത്.
പാനിക് അറ്റാക്
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരികപ്രശ്നങ്ങളോ ഒന്നുംതന്നെ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉണ്ടാകുന്ന കഠിനമായ അവസ്ഥയാണ് പാനിക് അറ്റാക്. ഏതുസമയത്തും ഇത് അനുഭവപ്പെടാം. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈ കാല്‍ വിറക്കുക, വായ വരളുക, ശ്വാസംമുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം. ചിലരില്‍ ഈ അവസ്ഥ ഒരു ദിവസംതന്നെ പലപ്രാവശ്യം ആവര്‍ത്തിക്കാറുണ്ട്. മറ്റു ചിലരില്‍ ഇത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ ആവര്‍ത്തിക്കാറുള്ളൂ.
അഗോറ ഫോബിയ
പാനിക് അറ്റാക്കിന്‍െറ മറ്റൊരു രൂപമാണ് അഗോറ ഫോബിയ. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടാല്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയം കാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളാണ് അഗോറ ഫോബിയ. പാനിക് ഡിസോര്‍ഡര്‍ ദീര്‍ഘകാലം നീണ്ടുനിന്നാല്‍ പലരിലും ഈ അവസ്ഥകൂടി ഉണ്ടാകാം.
കരുതിയിരിക്കാം
മസ്തിഷ്കത്തിലെ ചില രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് ഉത്കണ്ഠാരോഗങ്ങള്‍ക്ക് കാരണം. ജനിതകകാരണങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, ചെറുപ്പത്തിലുണ്ടാകുന്ന ദുരനുഭവങ്ങള്‍ തുടങ്ങിയ പലതും കാരണമായേക്കാം. ഔധങ്ങളും മന$ശാസ്ത്രചികിത്സയും സംയോജിപ്പിച്ച ചികിത്സയാണ് അത്യുത്തമം.
കുട്ടിയെപ്പറ്റി മാതാപിതാക്കള്‍ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതും അവരുടെ നേട്ടങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുന്നതും ഉത്കണ്ഠാരോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടാറുണ്ട്.